ചേരാനല്ലൂര്‍ അപകടം: ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍

keerthy

17 കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകള്‍ നശിപ്പിച്ചു എന്നാണ് ഭദ്രകീര്‍ത്തിയുടെ പരാതി

ചേരാനല്ലൂര്‍ ബെന്‍സ് അപകടക്കേസില്‍ ജഡ്ജിക്കെതിരെ മൊഴി നല്‍കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. കേസിലെ പ്രതിയായ 17 കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകള്‍ നശിപ്പിച്ചു എന്നാണ് ഭദ്രകീര്‍ത്തിയുടെ പരാതി. സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചുവെന്ന് ഭദ്രകീര്‍ത്തി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാന്‍ അച്ഛന്‍ കൂടിയായ ജഡ്ജി ഇടപെട്ടെന്നാണ് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നത്. ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഈ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്.

കഴിഞ്ഞ മാസം 25 ന് പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.

Tags