ചേരാനല്ലൂര്‍ അപകടം ; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയില്‍
ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
ചേരാനല്ലൂര്‍ ബെന്‍സ് അപകട കേസില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയില്‍. ജയബാലകൃഷ്ണന്റെ മക്കള്‍ ഹര്‍ജി നല്കി. അഡിഷണല്‍ സെഷന്‍സ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 17കാരന്റെ അച്ഛന് ജുഡീഷ്യറിയുടെ ഭാഗമാണെന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്, അതിനാല്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. അതിക്രൂര കുറ്റകൃത്യം അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ എഫ്ഐആര്‍ ഇടാനാകില്ലെന്ന് പറഞ്ഞ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമര്‍ശനം ഉന്നയിച്ചു. ഈ കേസില്‍ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ചരിത്രത്തില്‍ ഇല്ലാത്തത് സംഭവിക്കുന്നു എന്ന പരാമര്‍ശവും നടത്തി. അതേസമയം അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി പ്രതികരിച്ചു.
കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തി. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനാണ് 17കാരന് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
.jpg)

