ചേരാനല്ലൂർ വാഹനാപകടം ; പ്രതിയായ 17-കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Cheranalloor road accident: Judge—father of the 17-year-old who drove the car—to be suspended

 കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17-കാരന്റെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ എറണാകുളം സൈബർ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരം 17 യൂസർ ഐഡികൾക്കെതിരെയാണ് നടപടി. പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകന്റെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ മകന് ഡ്രൈവിംഗ് അറിയാമായിരുന്നു എന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന നിലപാടിലാണ് ജഡ്ജി. അതേസമയം, കൗമാരക്കാരൻ മുമ്പ് വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴിയെടുക്കും.

അപകടസമയത്ത് ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് വിവരം. മുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു.

Tags