ചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു ; ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു
കൊച്ചി: ചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു.ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജി സി സി രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുന്ന മാമ്പഴ മേളയിലേക്കായി 200 ടണ്ണിലധികം മാമ്പഴങ്ങളാണ് പ്രത്യേക വിമാനങ്ങളിൽ എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം 100 ടൺ മാമ്പഴങ്ങളുമായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് പറന്നിരുന്നു. ഇതിന് പിന്നാലെ മെയ് 20-ന് 100 ടൺ മാമ്പഴം കൂടി പ്രത്യേക കാർഗോ സർവീസിലൂടെ പ്രവാസലോകത്തേക്ക് എത്തിച്ചിട്ടുണ്ട്. ദിവസേന സർവീസ് നടത്തുന്ന സാധാരണ യാത്രാ വിമാനങ്ങളിൽ കേരളത്തിൽ നിന്നുള്ള മാമ്പഴങ്ങളും പച്ചക്കറികളും ലുലു പതിവായി എത്തിക്കുന്നതിന് പുറമേയാണിത്. ചുരുങ്ങിയ സമയം കൊണ്ട് കേടുപാടുകൾ കൂടാതെ ഗുണനിലവാരമുള്ള മാമ്പഴങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഇത്തവണ ചാർട്ടേഡ് വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയത്.
കേരളത്തിൽ നിന്നുള്ള മികച്ചയിനം നാടൻ മാമ്പഴങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹിമ പസന്ത്, ചക്കരഗുണ്ട്, മല്ലിക, നീലം, മൽഗോവ, പ്രിയൂർ തുടങ്ങി 40 ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് കൊച്ചിയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ലോകത്തിലെ 100 ലധികം മാമ്പഴങ്ങളുടെ വകഭേദങ്ങളെ പ്രദർശിപ്പിക്കുന്ന മാമ്പഴ ഫെസ്റ്റാണ് ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുക. മാമ്പഴം എത്തിക്കുന്നത് പോലെ തന്നെ മറ്റ് പഴങ്ങളുടെയും പച്ചക്കറിയുടേയും സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ട്.
.jpg)

