ജാഗ്രത ..! ഇന്നും ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യത
കണ്ണൂർ: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തുന്നത് ആശ്വാസകരമാണ്. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാൻ സാധിക്കും.
വരും മണിക്കൂറുകളിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിൽ കാർമേഘങ്ങൾ രൂപപ്പെട്ടു തുടങ്ങുമ്പോൾ തന്നെ ജാഗ്രത പാലിക്കണമെന്നും മഴയ്‌ക്കൊപ്പം എത്തുന്ന കാറ്റ് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു.
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു. മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ നാശമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും ശ്രദ്ധിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
.jpg)

