ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി തുടരുന്നു; ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡോ. റീന

Chair game continues at Health Department headquarters; Dr. Reena says court has told her that she is DHS

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ( ഡിഎച്ച്എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ( കെഎടി) ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. അതിനിടെ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചുമതല ഏറ്റെടുത്ത ഡോ. വി മീനാക്ഷ ഭരണം തുടങ്ങി. വകുപ്പിലെ ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ഡോ. വി മീനാക്ഷിയുടെ ആദ്യ സര്‍ക്കുലര്‍ പുറത്തുവന്നു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്ന അടിയന്തര സാഹചര്യത്തിലാണ് നിര്‍ദേശം.

അതിനിടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി താന്‍ തള്ളിക്കയറാന്‍ ഇല്ലെന്ന് റീന പറഞ്ഞു. ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയ റീന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.' കോടതി വിധി അനുസരിച്ചാണ് വന്നത്. ഹൈക്കോടതി വരേണ്ട എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.'- റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവ് ഇറക്കിയാല്‍ മാത്രമേ സാങ്കേതികമായി ഡിഎച്ച്എസ് പദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന സര്‍ക്കാര്‍ വാദം ചോദിച്ചപ്പോള്‍ അത് പറയേണ്ടത് താനല്ലെന്നും കെഎടിയിലാണ് പറയേണ്ടതെന്നും റീന മറുപടി പറഞ്ഞു.

'കോടതി വിധിക്ക് മീതെ നൂലാമാലകള്‍ ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. വിധി നടപ്പിലാക്കിയ ഉദ്യോഗസ്ഥന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കെഎടിയുടെ വിധിയെയാണ് മറ്റെന്തിനേക്കാളും വില കൊടുക്കുന്നത്. ആരും ഇല്ലാത്തവര്‍ക്ക് നീതിന്യായവ്യവസ്ഥ കൂടെ ഉണ്ടാവുമെന്ന് കരുതുന്ന ആളാണ് ഞാന്‍. നീതിന്യായവ്യവസ്ഥ പറയുന്നതില്‍ മുഴുവനായി കീഴ്‌പ്പെട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥയാണ് ഞാന്‍. അതിന് മുകളില്‍ സാങ്കേതികത്വം ഉണ്ടോ എന്ന് പറയേണ്ടത് കെഎടിയാണ്. ഞാനല്ല'- റീന കൂട്ടിച്ചേര്‍ത്തു.

Tags