ഗർഭാശയഗള അർബുദം: എച്ച്.പി.വി. വാക്സിനേഷൻ എടുത്തത് 33 ശതമാനം മാത്രം
ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ കാംപെയ്‌ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.
ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്.ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നാക്കംവലിച്ചു.
ഗർഭാശയഗള അർബുദം
രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനം
99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്ക് പിന്നിലും ഹ്യൂമൻ പാപ്പിലോമ വൈറസ് കാരണമുള്ള തുടർച്ചയായ അണുബാധ.
രാജ്യത്ത് വർഷം ഒരുലക്ഷം സ്ത്രീകളിൽ 11.6 പേർക്ക് രോഗബാധ. ഇവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങുന്നു.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ പണമടയ്ക്കണം.
.jpg)

