രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും : കെ.സി. വേണുഗോപാൽ എംപി

KC Venugopal

 തൃശൂർ: നിയമസഭാ തിരഞ്ഞെുപ്പിനുള്ള നാമനിർദേശപത്രികയിൽ സ്വത്തുവിവരം മറച്ചു വച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യുഡിഎഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.


തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിർദേശ പത്രികയോടൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ സ്ഥാനാർഥിയുടെ സ്വത്തുവകകളുടെ പൂർണമായ വിവരം നൽകണം. എന്നാൽ, കർണാടകയിലെ കോറമംഗലയിൽ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ മറച്ചു വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 2026 മാർച്ച് 17ന് ഈ വസ്തുവിന്റെ പേരിൽ 502085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖർ തന്നെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ മത്സരിച്ചപ്പോൾ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളിൽ ഉൾപ്പെടുത്തിയിരുന്നതുമാണ്. ഇപ്പോൾ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ മുദ്ര കാണപ്പെട്ട സംഭവത്തെ ഇതുമായി ചേർത്തു വായിക്കേണ്ടതാണെന്നും കെ.സി.വേണുഗോപാൽ സൂചിപ്പിച്ചു.

Tags