സെൻസസ് 2027 : കണ്ണൂർ ജില്ലയിൽ 92.4 ശതമാനം പൂർത്തിയായി
കണ്ണൂർ:സെൻസസ് 2027ന്റെ ഭാഗമായുള്ള ആദ്യഘട്ട എന്യൂമറേഷൻ പ്രവർത്തനം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെ, കണ്ണൂർ ജില്ലയിൽ 92.4 ശതമാനം ഭവന വിവരശേഖരണം പൂർത്തിയായി.
കണ്ണൂർജില്ലയിൽ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിൽ (എച്ച്എൽബി) 4456 എണ്ണത്തിൽ വിവരശേഖരണം പൂർത്തിയായി.
തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ നഗരസഭകൾ, കണ്ണൂർ കന്റോൺമെൻറ് എന്നിവിടങ്ങളിൽ നൂറു ശതമാനം വിവരശേഖരണം പൂർത്തിയായി. തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ 95 ശതമാനത്തിൽ കൂടുതലും പൂർത്തിയായി.
നിലവിൽ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ എന്യുമറേറ്റർമാർ നേരിട്ടെത്തി ശേഖരിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ജില്ലയെ 4823 എച്ച്.എൽ.ബികളാക്കി തിരിച്ചാണ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. ശരാശരി 700 മുതൽ 800 വരെ ജനസംഖ്യ ഉൾക്കൊള്ളുന്നതാണ് ഒരു എച്ച്.എൽ.ബി.
നേരത്തേ സെൽഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയിൽ 62,733 പേർ സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.
.jpg)

