സെൻസസ് 2027: ഒന്നാം ഘട്ടം കേരളത്തിൽ വിജയകരമായി പൂർത്തിയായി

census

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസായ 'സെൻസസ് 2027'ന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും കേരളത്തിൽ വിജയകരമായി പൂർത്തിയായി. ജൂലൈ 1 മുതൽ 30 വരെയായിരുന്നു വീടുപട്ടിക തയ്യാറാക്കൽ. പൊതുജനങ്ങൾക്ക് വിവരങ്ങൾ സ്വയം സമർപ്പിക്കാനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാക്കിയിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും എന്യൂമറേറ്റർമാർ ഇതിനായി പ്രത്യേകം തയ്യാറാക്കിയ എച്ച് എൽ ഒ  മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടൽ വഴി  പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിച്ചു. മൊബൈൽ ആപ്പിലും പോർട്ടലിലും നേരിട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സെൻസസ് ഡയറക്ടറേറ്റ് ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകി.

ഭാരത സർക്കാർ, ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ്, കേരള സർക്കാർ പൊതുഭരണ വകുപ്പ്, പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാർ, ജില്ലാതല സെൻസസ് ഓഫീസർമാർ, ചാർജ്ജ് ഓഫീസർമാർ, സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവരുൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഘട്ടം സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും സജീവമായ പിന്തുണയും കേരളത്തിലെ ജനങ്ങൾ നൽകിയ പൂർണ്ണമായ പങ്കാളിത്തവും ഈ ദേശീയ സംരംഭത്തിന് വലിയ കരുത്തായി. ഒന്നാം ഘട്ടം വിജയമാക്കുന്നതിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജനങ്ങളെയും പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന നോഡൽ ഓഫീസറുമായ (സെൻസസ്) ബിജു കെ. അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Tags