സെൻസർ ചെയ്തു മാറ്റിയ ഭാഗം തീയറ്ററിൽ പ്രദർശിപ്പിച്ചു; മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്ത് പോലീസ്
തിരുവനന്തപുരം: നസ്‌ലിൻ നായകനായ 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ സെൻസർ ചെയ്തു മാറ്റിയ സംഭാഷണങ്ങളും ദൃശ്യങ്ങളും തിയെറ്ററിൽ പ്രദർശിപ്പിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിർമാതാവ് ആഷിക് ഉസ്മാനെ പൊലീസ് ചോദ്യം ചെയ്തത്. സെൻസർ ബോർഡ് കമ്മിഷണർക്കാണ് വിഷയത്തിൽ പരാതി ലഭിച്ചിരുന്നത്. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സിനിമയിലെ ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ അനുമതി പത്രം ലഭിച്ച ശേഷം ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സിനിമയിൽ വീണ്ടും ചേർത്ത് തിയെറ്ററിൽ എത്തിച്ചുവെന്നാണ് പരാതി. തിയെറ്ററിലും ലാബിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
മൂന്നു വർഷം തടവോ പിഴയോ ലഭിക്കുന്ന കുറ്റമാണിത്. വരും ദിവസങ്ങളിൽ സിനീിമയുടെ സംവിധായകൻ, എഡിറ്റർ എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. തിയെറ്ററിൽ തരക്കേടില്ലാത്ത വിജയം നേടിയ ചിത്രം ജൂലൈ മൂന്നു മുതൽ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിയോ ഹോട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
.jpg)

