ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മുകളിലേക്ക് സിമന്റ് പാളി വീണു: കൊല്ലം ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച

Cement layer falls on top of patient after surgery: Serious safety lapse at Kollam District Hospital

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ്‌ പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമി(39)ന്റെ ശരീരത്തിലേക്കാണ് പാളി വീണത്. ഒന്നാംനിലയിൽ ഓപ്പറേഷൻ തിയേറ്ററിനോടു ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.

tRootC1469263">

ബൈക്കപകടത്തിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവേയാണ് സംഭവം. വശത്തേക്കു മാറിക്കിടന്നതിനാലാണ് അവശിഷ്ടങ്ങൾ മുഖത്ത് വീഴാതെയും പരിക്കേൽക്കാതെയും രക്ഷപ്പെട്ടത്. അടുത്ത കിടക്കയിലുണ്ടായിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ഭാഗത്തേക്കും സിമന്റ് പാളി വീണു. 

വിവരമറിയിച്ചതോടെ ജീവനക്കാരെത്തി അടർന്നുവീണ പാളികൾ നീക്കി. പിന്നീട് രോഗിയെ മറ്റൊരു കട്ടിലിലേക്ക്‌ മാറ്റി. ഈ ഭാഗത്തുനിന്ന്‌ മറ്റു കിടക്കകളും നീക്കി. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

പുതിയ കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുമ്പോഴും നിലവിൽ പ്രവർത്തിക്കുന്ന പ്രധാന ബ്ലോക്കുൾപ്പെടെ പല കെട്ടിടങ്ങളിലും അപകടഭീഷണിയുണ്ട്. സൺഷേഡ് പാളി ഇളകിവീഴാൻ സാധ്യതയുള്ളതിനാൽ വാതിലുകൾ തുറക്കരുതെന്ന നോട്ടീസുകൾ പലയിടത്തും പതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഭവംകൂടിയായതോടെ ഭീതിയിലാണ് ആശുപത്രിയിലുള്ള രോഗികൾ.

Tags