വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കാൻ സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരടക്കം പരസ്യ പിന്തുണയുമായി രംഗത്ത് ; രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്കിൽ കമന്റ് പെരുമഴ
തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അണികൾക്ക് പുറമെ സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരും സതീശന് പരസ്യ പിന്തുണയുമായി രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.
സാംസ്കാരിക പ്രവർത്തകരായ സനൽ കുമാർ ശശിധരൻ, നടി ലാലി പി.എം തുടങ്ങിയവർ രാഹുൽ ഗാന്ധിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. താൻ നേരത്തെ എൽഡിഎഫ് അനുഭാവിയായിരുന്നുവെന്നും എന്നാൽ അവരുടെ വർഗീയ പ്രീണന നിലപാടുകളിൽ മനംമടുത്താണ് യുഡിഎഫിനെ പിന്തുണച്ചു തുടങ്ങിയതെന്നും ലാലി കുറിച്ചു. ന്യൂനപക്ഷങ്ങൾക്കും മതേതരത്വത്തിനും വേണ്ടി വി.ഡി. സതീശൻ എടുത്ത ധീരമായ നിലപാടുകൾ വലുതാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് വോട്ടർമാരോടുള്ള വെല്ലുവിളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
പ്രമുഖ നടൻ സിദ്ദിഖും വി.ഡി. സതീശന് വേണ്ടി ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയന്റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പ് മാത്രമല്ല, കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്ന് സിദ്ദിഖ് ഓർമ്മിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തോട് ഒരു വാക്ക് എന്ന നിലയിലാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന നേതാവിനെ തന്നെ അമരത്ത് എത്തിക്കണമെന്ന വികാരമാണ് സോഷ്യൽ മീഡിയയിലുടനീളം പ്രകടമാകുന്നത്.
.jpg)

