ചേര്‍ത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം

cherthala taluk office

കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചേര്‍ത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച വലിയ വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ചോര്‍ന്ന് കോണ്‍ക്രീറ്റ് ദ്രവിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് ജീവനക്കാരെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് മുമ്പും കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണിരുന്നു. അന്ന് ജീവനക്കാര്‍ എത്തുന്നതിന് തൊട്ടുമുമ്പായതിനാല്‍ ആളപായം ഒഴിവായി. എന്നാല്‍ കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

തുടര്‍ച്ചയായ അപകടങ്ങള്‍ക്കിടയിലും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ദിവസവും നൂറുകണക്കിന് ആളുകള്‍ എത്തുന്ന കെട്ടിടത്തില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, പുതിയ കെട്ടിടത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പി പ്രസാദ് എംഎല്‍എ അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈനില്‍ ചില തിരുത്തലുകള്‍ വന്നതിനാലാണ് നിര്‍മാണം വൈകിയത്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. നിര്‍മാണത്തിന് ഫണ്ട് തടസ്സമല്ല. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള നിര്‍മിതികള്‍ സംരക്ഷിക്കണമെന്ന ഉത്തരവുള്ളതിനാല്‍ പഴയ കെട്ടിടം നിലനിര്‍ത്തണോ പൊളിക്കണോ എന്നതില്‍ ആര്‍ക്കിടെക്റ്റ് പരിശോധന നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂ. എന്നാല്‍ പി ഡബ്ല്യു ഡി ആര്‍ക്കിടെക്റ്റ് ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.

Tags