നെടുംബ്രം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ വൻ ക്രമക്കേട്

google news
nedumbram panchayath

തിരുവല്ല : നെടുംബ്രം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ ഉയർന്നു വന്ന ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുകയും അപഹരിച്ച തുകകൾ വീണ്ടെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രസന്നകുമാരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ബിജെപി നേതൃത്വം നൽകുന്ന 2015ലെ ഭരണ സമിതി നിലനിൽക്കുമ്പോൾ കുടുംബശ്രീ ആഡിറ്റ് നടപടികൾ കാര്യക്ഷമമല്ലായിരുന്നു. ക്രൈസിസ് ഫണ്ട് അടക്കം തിരിച്ചടയ്ക്കാത്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്നത്തെ ബി ജെ പി ഭരണ സമിതി  ചെറുവിരൽ പോലുമനക്കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോൾ ഗൗരവകരമായ കുറ്റങ്ങൾ മനസിലാക്കി നടപടി സ്വീകരിക്കാൻ തയ്യാറായ എൽ ഡി എഫ് നേതൃത്വം നൽകുന്ന ഭരണ സമിതിയേയും സി പി ഐ എമ്മിനെയും അപകീർത്തിപ്പെടുത്താനാണ് തെറ്റുകൾക്ക് കൂട്ടുനിന്നവർ ശ്രമിക്കുന്നത്. 2015 മുതലുള്ള നിരവധി  രേഖകൾ കാണാനില്ലാത്തത് ദുരൂഹമാണ്. ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തണം.

നിലവിലെ ഭരണ സമിതി വന്നതിന് ശേഷവും മുൻ പ്രസിഡൻ്റിൻ്റെ പേര് വച്ച് മേൽനോട്ട സമിതി ചേർന്നതായി രേഖകൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. മുൻ ഭരണസമിതിയുടെ കാലയളവിൽ കുടുംബശ്രീയുടെ പേരിൽ ആരംഭിച്ച എല്ലാ ബാങ്ക് അക്കൗണ്ടുകളെ പറ്റിയും വായ്പാ തിരിച്ചടവിനെ പറ്റിയും പരിശോധന അനിവാര്യമാണ്. വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിന് വിജിലൻസ് അടക്കം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്നതായ യാതൊരുവിധ നിലപാടും ഭരണസമിതി യോ സിപിഐഎം നേതൃത്വമോ കൈക്കൊള്ളില്ല .  

തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണ സംവിധാനമാണ് കുടുംബശ്രീയുടേത്. പരിമിതമായ നിയന്ത്രണാധികാരങ്ങൾ മാത്രമാണ് പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമായിട്ടുള്ളത്.കുടുംബശ്രീ മിഷൻ നടത്തിയ ആഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്ത് ഭരണസമിതിക്കോ അംഗങ്ങൾക്കോ സാമ്പത്തിക ക്രമക്കേടിൽ പങ്കുള്ളതായി പറയുന്നില്ല. ആരോപണ വിധേയരായവരെ സംരക്ഷിക്കില്ലന്നും പ്രസിഡൻ്റ് വക്തമാക്കി. 2020 ന് മുൻപേ ആരംഭിക്കാൻ നിശ്ചയിച്ച മാർക്കറ്റിംഗ് ഔട്ട്ലറ്റുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ അടക്കം ക്രമക്കേടുകൾ ഭരണ സമിതിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വിശദമായ പരിശോധനയുടെ ആവശ്യകത ജില്ലാ മിഷൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത് എൽ ഡി എഫ് ഭരണ നേതൃത്വമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് 2018 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള ഓഡിറ്റാണ് ഇപ്പോൾ നടത്തിയത്. 2021 ലാണ് നിലവിലെ ഭരണ സമതി ചുമതലയേറ്റത് 


2015 മുതൽ 2018 വരെയുള്ള ബിജെപി ഭരണ സമിതിയുടെ കാലയളവിൽ ആഡിറ്റ് നടന്നതായുള്ള രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. 2015-2016 മുതൽ വിവിധ വായ്പകളിൽ തിരിച്ചടവ് ഇനത്തിൽ വലിയ തുകകൾ കിട്ടാനുള്ളതായി കാണിച്ചിട്ടുണ്ട്. ക്രൈസിസ് ഫണ്ട് അടക്കം വിവിധ വായ്പാ പദ്ധതികളിലെ കുടിശിഖക്കാർ ആരെന്ന് കണ്ടെത്താനായി നടപടി സ്വീകരിക്കേണ്ടതിനാലും ഈ കാലയളവിൽ കുടുംബശ്രീയുടെ പേരിലുള്ള അക്കൗണ്ടുകളും പ്രാഥമിക ആഡിറ്റിൽ പരാമർശിച്ചിരുന്നതും പിന്നീട് ഉൾപ്പെടാത്തതുമായ വസ്തുതകൾ അടക്കം വിശദമായ ആഡിറ്റ് നടത്തണമെന്ന് ജില്ലാ മിഷന് കത്ത് നൽകുമെന്നും പ്രസിഡൻ്റ് പ്രസന്നകുമാരി പറഞ്ഞു. കഴിഞ്ഞ ഭരണ സമിതി കാലയയളവിലും പി.കെ സുജ തന്നെയായിരുന്നു സി ഡി എസ് ചെയർപേഴ്സൺ .ഇവർ വിലയിരുത്തൽ സമിതി വിളിച്ച് ചേർക്കുന്നതിൽ വീഴ്ച വരുത്തി. കൃത്രിമമായി യോഗങ്ങൾ ചേർന്നതായി രേഖകൾ ഉണ്ടാക്കി. പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നാളിതുവരെയായി യാതൊരാക്ഷേപങ്ങളും ഉയർന്നു വന്നിട്ടില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ എസ് ഗിരീഷ് കുമാർ, പഞ്ചായത്ത് അംഗം പി വൈശാഖ് എന്നിവരും പങ്കെടുത്തു.

Tags