ജീവൻ കൈയിൽ പിടിച്ച് മരണപ്പാച്ചിൽ; വയനാട് കള്ളാടിയിൽ അഞ്ച് പേരുടെ ജീവനെടുത്തമണ്ണിടിച്ചിൽ ദുരന്തത്തിൻ്റെനടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മേപ്പാടി:വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽപ്പെട്ട ഒമ്പതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സും എൻടിആർഎഫ് സംഘവും സ്ഥലത്ത് തുടരുകയാണ്. മന്ത്രി ടി സിദ്ദിഖ്, റവന്യൂ മന്ത്രി എ പി അനിൽകുമാർ എന്നിവർ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.
ഇതിനിടെകള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൻറെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത് വന്നു മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിൻറെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മണ്ണിടിച്ചിലിൻറെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്. പ്രകൃതിക്ഷോഭത്തിൻറെ അതിഭീകരമായ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് ദുരന്തം നടന്നത്. കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേരുടെ മരണമാണ് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചത്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 10 പേരെ ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു.
പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിൻ്റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.
പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും സൗകര്യമൊരുക്കി. സ്കൂളിലേക്ക് പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയുള്ളതിനാൽ തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയതിനാൽ നിർമ്മാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.മീനാക്ഷി പാലത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
അവലോകന യോഗത്തിൽ തിരുവമ്പാടി എം.എൽ.എ സി. കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ദേവ മനോഹർ, എ.ഡി.എം കെ അജീഷ്, സബ് കലക്ടർ അതുൽ സാഗർ, വാർഡ് അംഗം ജിതിൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)

