സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതല്‍ പരീക്ഷ

cbse

ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിന് പൂര്‍ത്തിയാകും.

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതല്‍ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിന് പൂര്‍ത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 13 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും. ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ 2026 നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 19 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ന്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്‌സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നിവയുടെ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കും.

Tags