പിണറായി വിജയനെ നനഞ്ഞ കോഴിയെന്നു വിളിച്ച ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സി ബി ചന്ദ്രബാബു

C.B. Chandrababu slams G. Sudhakaran for calling Pinarayi Vijayan a 'wet chicken'

ആലപ്പുഴ: പിണറായി വിജയനെ നനഞ്ഞ കോഴിയെന്നു വിളിച്ച ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയും, പാർട്ടി സംസ്ഥാന സമിതി അം​ഗവുമായ സി ബി ചന്ദ്രബാബു. ജി സുധാകരന്‍ പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു. പിണറായി വിജയനെ വിമര്‍ശിക്കാം. പക്ഷെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണെന്ന് ചന്ദ്രബാബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

1991 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദം എനിക്ക് നേരില്‍ മനസിലാക്കാന്‍ കഴിഞ്ഞത് പറയാനാകും. സുധാകരന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പാണ്. 2021 ല്‍ സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് കരുതി അരൂര്‍ ഭാഗത്ത് ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരില്‍ നിന്നും മറ്റും ശേഖരിച്ച പണം ഏതു കണക്കില്‍ വരും?.

പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട. മുസ്ലിംലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരന്‍ വിശേഷിപ്പിച്ചിരുന്നത്. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാര്‍ട്ടിയായത്. എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന സുധാകരന്‍ അഭിനവ പാഷാണം വര്‍ക്കിയായി മാറിയെന്നും ചന്ദ്രബാബു അഭിപ്രായപ്പെട്ടു.

Tags