ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം വിശ്വാസികൾക്ക് കത്തോലിക്കാ സഭാ നേതൃത്വം നൽകാറില്ല: മാർ ജോസഫ് പാംപ്ലാനി

Thalassery Arch Bishop Joseph Pamplani
Thalassery Arch Bishop Joseph Pamplani

കൊച്ചി: ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

tRootC1469263">

'ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല. അവരത് പ്രതീക്ഷിക്കുന്നുമില്ല. ഞങ്ങൾ അവർക്ക് കൊടുത്ത പരിശീലനത്തിലൂടെ അവർക്കറിയാം ഈ സാഹചര്യത്തിൽ ഏത് മുന്നണിയാണ് ​ഗുണകരമായതെന്ന്. ആ രീതിയിൽ അവരുടേതായ തെരഞ്ഞെടുപ്പ് അവർ നടത്തുന്നതിനെ ഞങ്ങൾ വിലയിരുത്താറുണ്ട് എന്നത് സത്യമാണ്. അല്ലാതെ ഇത്തവണ ഇന്ന മുന്നണിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അങ്ങനെ വോട്ട് ചെയ്യാൻ പരിശീലിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികൾ. വസ്തുതകൾ വിലയിരുത്താനും നിലപാടുകൾ സ്വീകരിക്കാനും അവകാശമുണ്ടെന്ന് കരുതുന്നവരാണ് സഭാ നേതൃത്വം. പണ്ട് കാലത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സഭാ നേതൃത്വം ഇന്നവർക്ക് വോട്ട് കൊടുക്കണമെന്ന് പറയാറില്ല' എന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

സഭയുടെ നിലപാടുകൾ എവിടെ സ്വീകരിക്കപ്പെടുന്നു എവിടെ തിരസ്കരിക്കപ്പെടുന്നു എന്നത് വിലയിരുത്താൻ സമുദായത്തിന് കഴിവുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി. 'വന്യമൃ​ഗശല്യം, റബ്ബറിൻ്റെ വിലയിടിവ്, കർഷകരുടെ വിഷയം തുടങ്ങിയ പലവിഷയങ്ങളിലും ഒബ്ജക്ടീവായ വിലയിരുത്തൽ സഭാ നേതൃത്വം നടത്താറുണ്ട്. വന്യമൃ​ഗ വിഷയത്തിൽ സഭ ഉന്നയിച്ച വാദങ്ങളിൽ പലതും സംസ്ഥാന സർക്കാർ വനംവന്യജീവി നിയന്ത്രണ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തത് സഭ ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ​ഗൗരവമായി കാണുന്നു എന്നതിൻ്റെ സൂചനയാണ്. അതിൻ്റെ പേരിൽ എല്ലാവരും ആ മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞങ്ങൾ പറയില്ലെന്നും' പാംപ്ലാനി ചൂണ്ടിക്കാണിച്ചു.
 

Tags