ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ; രൂക്ഷ വിമര്‍ശനമുയര്‍ത്തി കെ സി വേണുഗോപാല്‍

KC Venugopal
KC Venugopal

ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവര്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ വിമര്‍ശനം ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ  സി വേണുഗോപാല്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂര്‍ത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവര്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനില്‍ക്കാന്‍ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ കൂടെ കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവര്‍ത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍  ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു തീരുമാനം. ജാതി വിവേചനം സ്ഥിരീകരിക്കുന്ന ഭരണസമിതി അംഗം പ്രതിഷ്ഠാദിന ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍  ബോര്‍ഡിന് അവകാശം ഉണ്ട് എന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ വിഷയത്തില്‍ പ്രതികരിച്ചു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം പ്രവൃത്തിക്കാരനായി ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗം ആയതിനാല്‍ കഴകപ്രവര്‍ത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് തന്ത്രിമാരും വാര്യര്‍ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് അന്നുമുതല്‍ വിട്ടുനില്‍ക്കുകയും ചെയ്തു. 

'ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനില്‍ക്കാന്‍ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക.
ദേവസ്വം ബോര്‍ഡിനോടാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസമെങ്കിലും നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തെ നിങ്ങള്‍ ഒറ്റുകൊടുത്തു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താന്‍ നിങ്ങളെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണം. ജാതിവിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരിക്കണം നമ്മുടെ കേരളമെന്ന് ആവര്‍ത്തിച്ച് ഉരുവിടേണ്ടതുണ്ട്' എന്ന് കെസി വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Tags