കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Cashew Corporation corruption; High Court strongly criticizes the state government

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തില്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.

Tags