നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി ഇന്നു വിധി പറയും

nithin raj

ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.

ദളിത് വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയായതിനാല്‍ തനിക്കെതിരെ എസ്.സി / എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം.കെ റാമിന്റെ പ്രധാന വാദം. എന്നാല്‍, ജാതി അധിക്ഷേപം നടത്തിയ ആള്‍ ഏത് ജാതിയില്‍പ്പെടുന്നു എന്നതിനേക്കാള്‍ ഇരയുടെ ജാതിയാണ് ഇത്തരം കേസുകളില്‍ പ്രധാനമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

Tags