ഉടമ അറിയാതെ വാഹനം പണയം വെച്ച് പണം തട്ടിയ കേസ് ; രണ്ടു പേര്‍ അറസ്റ്റില്‍

google news
arrest

 കോട്ടയം വാകത്താനത്ത് ഉടമ അറിയാതെ വാഹനം പണയം വെച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ആലപ്പാട്ട് വീട്ടില്‍ ഷിനു കൊച്ചുമോന്‍, പനച്ചിക്കാട് കുഴിമറ്റം സദനം കവലയില്‍ പണയില്‍ വീട്ടില്‍ ജിഷ്ണു എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 24 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ ഷിനു കൊച്ചുമോനാണ് വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടി സുഹൃത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ വാങ്ങിയെടുത്തത്. അതിനുശേഷം, ഷിനുവും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേര്‍ന്ന് വാഹനം പുളിക്കല്‍ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് പണയപ്പെടുത്തി. തുടര്‍ന്ന് വാഹനം തിരികെ നല്‍കാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ നെടുമങ്ങാട് നിന്നും പിടികൂടിയത്.

Tags