സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസ് ; പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും

anandu
anandu

ജില്ലയിലെമ്പാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്.

സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. മുവാറ്റുപുഴ പൊലീസാണ് കസ്റ്റഡിയില്‍ എടുക്കുക. സംസ്ഥാനത്താകെ 350 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് കേസ്. സംസ്ഥാനം ആകെ വ്യാപിച്ചു കിടക്കുന്ന കേസ് ആയതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. അനന്തുവിന്റെ ഫ്‌ലാറ്റില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ വന്നുപോയിരുന്നു എന്ന വെളിപ്പെടുത്തലും രാഷ്ട്രീയ നേതാക്കളുമായി അനന്തുവിന് അടുപ്പമുണ്ടായിരുന്നു എന്ന ആരോപണവും ഉയരവെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം.


ജില്ലയിലെമ്പാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. കൃത്യമായ കണക്ക് പൊലീസിനും തിട്ടമില്ല. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കര്‍ഷകരും സാധാരണക്കാരുമാണ്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

Tags