ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്
ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ മണിയന്‍പിള്ള രാജു ഓടിച്ച വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ് മാത്രമാണുള്ളത്.
ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
'ചിക്കുന്‍ഗുനിയ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു സൈക്കിളില്‍ പോലും മുട്ടിയിട്ടില്ലാത്ത ആളാണ്. പതുക്കെ ഓടിക്കുന്ന ആളാണ്. പേടിച്ചുപോയി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ്. മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്കുകൊടുത്തയാളാണ്. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്', മണിയന്‍ പിള്ള രാജു പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു.
.jpg)

