ഗ്രാമ്പിയിലെ കടുവയെ പിടികൂടാനുള്ള ദൗത്യം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ സംശയിക്കരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

AK Saseendran
AK Saseendran

ഇടുക്കി: ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം തുടരുന്നതായും നിലവിൽ വനം വകുപ്പിന് രണ്ടു ദൗത്യങ്ങളാണുള്ളതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ . മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനൊപ്പം വന്യജീവിയെ സംരക്ഷിക്കുന്നതും കൂടിയാണതെന്ന് മന്ത്രി പറഞ്ഞു. ദൗത്യം ഇന്ന് പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ സംശയിക്കരുത്.

ചക്കിട്ടപ്പാറ പഞ്ചായത്തിന് അനുകൂല നിലപാട് കോടതിയിൽ സർക്കാർ സ്വീകരിക്കും. നിയമവഴി തേടിയ ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവികളെ വെടിവെച്ചു കൊല്ലുന്നത് ശരിയല്ലെന്ന് അവർക്ക് ബോധ്യമായി. കോടതിയെ സമീപിച്ചതിനാൽ പഞ്ചായത്തിനൊപ്പം സർക്കാരും നിൽക്കും. നിലവിലെ വനം – വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇന്നലെ മുതൽ കൃത്യമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കടുവയെ ഇപ്പോൾ കാണാനില്ല. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഇത് പരിസരം വിട്ടുപോകാനുള്ള സാധ്യതയില്ല. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ വഴി പരിശോധന തുടരുകയാണ്.

ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിനേറ്റ പരുക്ക് ഗുരുതരമായതിനാൽ രണ്ടു ദിവസമായി കടുവ ഇവിടെ തന്നെ കിടക്കുകയാണ്. വനംകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വയ്ക്കാനായി പ്രദേശത്ത് എത്തിയിട്ടുണ്ട്. 

Tags

News Hub