കന്റോൺമെന്റ് ഹൗസിലെ തീപിടിത്തം: താൻ മാറിയ ശേഷമായിരുന്നെങ്കിൽ മാധ്യമങ്ങൾ കഥകൾ ഉണ്ടാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലേക്ക് താൻ താമസം മാറിയ ശേഷമാണ് തീപിടിത്തമുണ്ടായതെങ്കിൽ മാധ്യമങ്ങൾ തന്റെ പേരിൽ എന്തൊക്കെ കഥകൾ ഉണ്ടാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താമസം തുടങ്ങുന്നതിന് മുൻപായതുകൊണ്ട് മാത്രമാണ് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലാതെ പോയതെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണെന്നും ഒരു ഔദ്യോഗിക വസതിയിൽ ആവശ്യമായ റിപ്പയർ നടത്തുന്നതിൽ എന്താണ് തകരാറുള്ളതെന്നും അദ്ദേഹം ചോദിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നു എന്ന് പറയുന്നത് യഥാർത്ഥത്തിൽ സൗന്ദര്യവൽക്കരണമല്ല. ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ വന്നതായിരുന്നു. എന്നാൽ സർക്കാരിന്റെ അവസാനഘട്ടമായതിനാലാണ് അന്ന് കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്," പിണറായി വിജയൻ വ്യക്തമാക്കി.
നിലവിൽ വാടകവീട്ടിലാണ് താൻ കഴിയുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെ നിലവിലെ അവസ്ഥയെയും വിമർശിച്ചു. "രണ്ടാഴ്ചയ്ക്കകം അങ്ങോട്ട് മാറാൻ കഴിയുമെന്ന് കരുതിയാണ് വാടകവീട്ടിലേക്ക് പോയത്. എന്നാൽ കന്റോൺമെന്റ് ഹൗസിൽ ചെന്നുനോക്കിയപ്പോൾ മുൻ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നതെന്ന് മനസ്സിലാകുന്നില്ല. അവിടെ താമസിക്കാൻ പറ്റുന്ന അവസ്ഥയിലല്ല കെട്ടിടമുള്ളത്. അത് റിപ്പയർ ചെയ്യാൻ സ്വാഭാവികമായും സമയമെടുക്കും. ഇരുന്നൂറ് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണത്," അദ്ദേഹം പറഞ്ഞു.
പല മന്ത്രിമന്ദിരങ്ങൾക്കും ആവശ്യമായ മെയിന്റനൻസ് ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണി നടത്തിയാൽ 'മോടിപിടിപ്പിക്കൽ' എന്ന പേരിൽ വാർത്തകൾ വരുമെന്ന ഭയം കാരണം താമസിക്കുന്നവർ അത് ആവശ്യപ്പെടാറില്ല. ഇത്തരം കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് കൃത്യമായ നിലപാടെടുത്ത് കൃത്യസമയത്ത് റിപ്പയറുകൾ പൂർത്തിയാക്കണമെന്നും വാർത്തകൾ നൽകുമ്പോൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
.jpg)

