കണ്ണൂര്‍ എടചൊവ്വയിലെ കഞ്ചാവ് വേട്ട; കാസര്‍കോട് സ്വദേശിക്കെതിരെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ എടച്ചൊവ്വയില്‍ അറുപത് കിലോ കഞ്ചാവെത്തിച്ച കാസര്‍കോട് സ്വദേശിയായ ഇബ്രാഹിമിനെതിരെ(45) പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുളള കണ്ണൂര്‍ നഗരത്തിലെ രണ്ടുഹോട്ടലുകളില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് വ്യാപകപരിശോധന നടത്തി.
ഇയാള്‍ക്ക് വടക്കെ കേരളത്തിലെ ജില്ലകളില്‍ ബിനാമി സ്വത്തുള്ളതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതുകണ്ടെത്താന്‍ പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ പലതവണ ചെറുകിട കഞ്ചാവ് വിതരണക്കാര്‍ പിടിയിലാകുമ്പോഴും ഇബ്രാഹിമിന്റെ പേര് പൊലിസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ എടചൊവ്വയിലെ വീട്ടില്‍ നിന്ന് 61 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളാണ് ഇബ്രാഹിമിലേക്ക് പൊലിസിനെ കൃത്യമായി എത്തിച്ചത്. എടചൊവ്വയിലെ ഷഗീന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അത്താഴക്കുന്ന് സ്വദേശി നാസര്‍ നല്‍കിയ കഞ്ചാവാണ് ഷഗീന്റെ വീട്ടില്‍ ഇറക്കിയതെന്നു അന്നു പൊലിസ് പിടിയിലായ ഉളിക്കല്‍ സ്വദേശി ഓട്ടോ ഡ്രൈവര്‍ റോയ്‌മൊഴി നല്‍കിയിരുന്നു. ഷഗീന്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയും നാസറിനെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തപ്പോഴാണ് ഇബ്രാഹിമിനെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.