'ബാറില്‍ നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ'..; ഡി ജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി

highcourt

പള്ളികളിലും അമ്പലങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ?, നൃത്തം ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയും?

കൊച്ചി: ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി. പൊലീസ് ഡിജെ പാര്‍ട്ടികളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ബാറില്‍ നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, പള്ളികളിലും അമ്പലങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ?, നൃത്തം ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയും? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.

രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ? ഡിജെ സംഗീതം ഒരു തൊഴിലാണ്. പൊതുവല്‍ക്കരിക്കരുത് എന്നും കോടതി പറഞ്ഞു. മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ല. നിയമലംഘനം ഉണ്ടെങ്കില്‍ നടപടിയെടുക്കണം. ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ച് കൊണ്ട് പൊലീസ് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വാദത്തിനിടെയാണ് ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വിശദവാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

Tags