ക്യാമറ വിവാദം ; ഉപകരാര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഐ ക്യാമറ വിവാദത്തിനിടെ ഉപകരാര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 5 വര്‍ഷം മുമ്പ് 9.36 ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച കമ്പനിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്‌കുമാറിന്റെ കയ്യിലാണ്.
ഒ.ബി. രാംജിത്ത്, സുരേന്ദ്രന്‍ നെല്ലിക്കോമത്ത്, സുരേന്ദ്രന്റെ മകന്‍ ജിതിന്‍ നെല്ലിക്കോമത്ത്, കിഴുപ്പിട വളപ്പില്‍ അനീഷ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. രാംജിത്താണ് കമ്പനിക്ക് വേണ്ടി ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ 95 ശതമാനം ഓഹരികളും സുരേഷ് കുമാറിന്റെ കൈവശമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാംജിത്തിന്റെ കൈവശമുള്ളത് 5 ശതമാനം ഓഹരികള്‍ മാത്രമാണ്. പത്തു രൂപയുടെ 9 ലക്ഷം ഷെയറുകളാണ് ആകെ ഉള്ളത്. ഇതില്‍ രാംജിത്തിന്റെ പേരിലുള്ളത് നാലായിരം ഷെയര്‍ മാത്രമാണ്. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടര്‍മാരുടെ പേരില്‍ ഷെയറുകള്‍ ഇല്ല.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് സുരേഷ്‌കുമാര്‍ സംഭാവന നല്‍കിയത് 20 ലക്ഷം രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നല്‍കിയ കണക്കിലാണ് ഈ വിവരം ഉള്ളത്. 2020, 2021 വര്‍ഷത്തെ ഇടപാടുകാരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബു അയ്യത്താന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.