കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം ; സുഹൃത്തായ മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ

Incident involving the killing of two Malayali women in California; Malayali female friend in police custody.

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ. മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ അനിലയാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ലഭിക്കുന്ന വിവരമനുസരിച്ച്, അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരമറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആൻ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ജനയും ആനും അനിലയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു. അഞ്ജനയുടെ ഭർത്താവ് വിജീഷ് തൃശൂർ വിലങ്ങന്നൂർ സ്വദേശിയാണ്. ദമ്പതികൾക്ക് വാമിക എന്ന ഏക മകളുണ്ട്. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്ത് വരികയായിരുന്നു.

രണ്ട് കൊലപാതകങ്ങളിലേക്കും നയിച്ച സാഹചര്യം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന മൂന്ന് മലയാളി യുവതികൾക്കിടയിൽ നടന്ന സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ.

Tags