ബയോ മെഡിക്കല്‍ മാലിന്യത്തെ കുറിച്ച് കണക്കുകളില്ല; നിയന്ത്രണ ബോര്‍ഡിനെതിരെ സിഎജി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്ക്കരണത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഗുരുതര വീഴ്ചവരുത്തിയെന്ന് സിഎജിയുടെ വിമര്‍ശനം. എത്ര മാലിന്യമാണ് പ്രതിദിനം ആശുപത്രികളില്‍ നിന്ന് പുറന്തള്ളുന്നതെന്നുപോലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അറിയില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യ സംസ്കരണത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളുടെ വീഴ്ചയും റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്.
17122 ആരോഗ്യപരിപാലന സംവിധനങ്ങളാണ് കേരളത്തിലുള്ളത്. ഇവ മലിനീകരണ നിയന്ത്രണബോര്‍ഡിന് ബയോമെഡിക്കല്‍മാലിന്യം സംബന്ധിച്ച് കൃത്യമായ കൃത്യമായ കണക്കുകള്‍ നല്‍കണം എന്നാണ് നിയമം അനുശാസിക്കുന്നത്. 2487 ആശുപത്രികളും ക്ലിനിക്കുകളും മാത്രമാണ് ബോര്‍ഡിന് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കുന്നത്. പ്രതിദിനം സംസ്ഥാനത്ത് എത്ര ബയോമെഡിക്കല്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിന്‍റെ കണക്കുപോലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പക്കലില്ല എന്നാണ് സിഎജി പറയുന്നത്. പ്രതിദിനം 38.81 ടണ്‍ മുല്‍ 42.93 ടണ്‍വരെ ബയോമെഡിക്കല്‍മാലിന്യങ്ങള്‍ ഉണ്ടാകുന്നു എന്ന കണക്കിന് യാതൊരു ആധികാരികതയുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകാരമില്ലാത്ത 3708 ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന സംസ്ക്കരണ കേന്ദ്രമാണ് സംസ്ഥാനത്തെ എറ്റവും വലിയ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ കേന്ദ്രം. ഇതിന് കൈകാര്യം ചെയ്യാനാവുന്നതിലും അധികം മാലിന്യം അവിടെ എത്തിച്ചേരുന്നുണ്ട്.
2022 ജനുവരിയില്‍ ഇമേജില്‍ കുന്നുകൂടി കിടന്ന 2000 ടണ്‍ ബയോമെഡിക്കല്‍മാലിന്യം കത്തിയത് വലിയ മലിനീകരണം സൃഷ്ടിച്ചു. അതേസമയം 16 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ ശേഷിയുള്ള കേരള എന്‍വിറോണ്‍മെന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലേക്ക് 6.2 ടണ്‍ ബയോമെഡിക്കല്‍മാലിന്യം മാത്രമെ എത്തുന്നുള്ളൂ. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാലിന്യം വേര്‍തിരിക്കുന്നത് ശരിയായ രീതിയില്‍ അല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഖരമാലിന്യവും ബയോമെഡിക്കല്‍മാലിന്യവും കൂടികലര്‍ന്നാണ് ഇവിടെ നിന്ന് പുറന്തള്ളപ്പെടുന്നതെന്നും സിഎജി കുറ്റപ്പെടുത്തുന്നു. 2016 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിച്ച ശേഷമാണ് സിഎജിയുടെ റിപ്പോര്‍ട്ട്.