സിസേറിയനെ തുടർന്ന് അണുബാധ ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

Infection following C-section; allegation of medical negligence at Neyyattinkara General Hospital.

 

 

 നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ. സിസേറിയനെ തുടർന്നുണ്ടായ അണുബാധയാണ് നെയ്യാറ്റിൻകര സ്വദേശിയായ സജിതയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അഞ്ച് മാസമായി കടുത്ത വേദനയിൽ കഴിയുന്ന സജിത നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വർഷം ജനുവരി 28-നാണ് സജിതയെ പ്രസവത്തിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 6-ന് സിസേറിയൻ നടത്തി. ശസ്ത്രക്രിയയ്ക്ക് രണ്ടുദിവസത്തിന് ശേഷം കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടുവെങ്കിലും, ഫെബ്രുവരി 9-ന് ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജിന് ശേഷവും വേദന തുടർന്നപ്പോൾ ആശുപത്രിയിലെ ഡോക്ടർ രേണുകയെ സമീപിച്ചെങ്കിലും, സ്‌കാനിങ് റിപ്പോർട്ടിൽ കുഴപ്പമൊന്നുമില്ലെന്നും യൂറിനറി ഇൻഫെക്ഷൻ മാത്രമാണെന്നുമാണ് അവർ അറിയിച്ചത്.

തുടർന്നും വേദന കുറയാതെ വന്നതിനെത്തുടർന്ന് സജിതയുടെ ഭർത്താവ് ഇവരെ തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ എം.ആർ.ഐ സ്‌കാനിംഗിലാണ് ഫാലോപ്യൻ ട്യൂബിൽ ഗുരുതരമായ അണുബാധ കണ്ടെത്തിയത്. സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവാകാം അണുബാധയ്ക്ക് കാരണമെന്ന് ജൂബിലി ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി സജിതയുടെ ഭർത്താവ് പറഞ്ഞു. അണുബാധ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടർന്നിട്ടുണ്ട്.

ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന സജിതയ്ക്ക് ശസ്ത്രക്രിയക്ക് ശേഷം ജോലി നഷ്ടപ്പെട്ടു. തുടർച്ചികിത്സയ്ക്കായി ഇതിനോടകം രണ്ട് ലക്ഷത്തിലധികം രൂപ ചെലവായതായും അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും കുടുംബം അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.

Tags