ദിശാബോർഡ് നോക്കി വഴി തെറ്റി ബസ് കുടുങ്ങി, പുറത്തിറക്കാൻ മതിൽ പൊളിച്ചു, പണി കിട്ടിയത് ഡ്രൈവർക്ക്


ചാലക്കുടി: മുരിങ്ങൂരിൽ ദിശാബോർഡ് നോക്കി വഴിതെറ്റിപ്പോയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുരുങ്ങി. മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു. ഇതിനിടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. റോഡരികിലെ വീട്ടുമതിൽ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്.
tRootC1469263">ദേശീയപാതയ്‌ക്ക് സമീപമുള്ള ബദൽ റോഡിൽ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരിൽനിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങൾക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.

ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സർവീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. ഒൻപതരയോടെയാണ് ബസ് പുറത്തു കടത്തിയത്.