സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ല, കുട്ടികളുടെ വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം : മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ത്ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ബസ് ചാര്‍ജ് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി തള്ളിക്കളഞ്ഞു. നിരക്ക് വര്‍ധിപ്പിച്ചാൽ യാത്രക്കാര്‍ കുറയുമെന്നും ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും ഒരു വിഭാഗം ബസുടമകൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് മുപ്പതിനായിരത്തോളം ഉണ്ടായിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ 8000 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും, 2022-ലാണ് അവസാനമായി ഇവയുടെ നിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗമാരക്കാർ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ കർശന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു. മക്കൾ വാഹനമോടിച്ചത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് ഇനി ഒഴിഞ്ഞുമാറാനാകില്ലെന്നും, വാഹന ഉടമയെന്ന നിലയിൽ അവർക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മദ്യപിച്ചുള്ള വാഹനമോടിക്കലുകൾക്കെതിരെയുള്ള ശിക്ഷാ നടപടികൾ കൂടുതൽ കർശനമായി വർധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
.jpg)

