കായംകുളത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Burned dead body inside a house in Kayamkulam
Burned dead body inside a house in Kayamkulam

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. പാലസ് വാര്‍ഡില്‍ കിഴക്കേ വീട്ടില്‍ സരളയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 

സരളയുടെ സഹോദരന്റെ ഭാര്യയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ.

പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ജീവനക്കാരിയായ സരള ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ക്ഷേത്രത്തില്‍ പോയിട്ട് വീട്ടിലേക്ക് മടങ്ങിവന്നപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കത്തുന്നത് കാണുകയും വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു. തീ അണച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

സരളയുടെ സഹോദരന്റെ ഭാര്യയായ സിന്ധുവിന്റെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്. സിന്ധുവും ഈ വീട്ടില്‍ ഇടക്കിടെ താമസിക്കാറുണ്ട്. സിന്ധു വീട്ടിലേക്ക് വരുന്നത് അയല്‍വാസികള്‍ കണ്ടിട്ടുമുണ്ട്.