കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവം : പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്ത്

എരുമേലി : കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചതിനെ തുടർന്ന് റോഡ് ഉപരോധിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും വഴിതടഞ്ഞതിനുമാണ് കേസ്.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. എരുമേലി-പമ്പ പാതയിലെ കണമലയിലാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്. മാസപൂജക്കായി ശബരിമല നട തുറന്നിരുന്നതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ നിരവധി തീർഥാടകർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി.
കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളും തടഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലായി. രാവിലെ തുടങ്ങിയ പ്രതിഷേധം വൈകീട്ടാണ് അവസാനിച്ചത്.