പൊറോട്ട ഹട്ടിലെ ജീവനക്കാർക്ക് നേരെയുണ്ടായ ക്രൂരമർദ്ദനം: ഇടപെട്ട് തൊഴിൽ വകുപ്പ് മന്ത്രി; പരിശോധന ശക്തമാക്കാൻ നിർദേശം
തിരുവനന്തപുരം: പാളയത്തിന് സമീപം പ്രവർത്തിക്കുന്ന 'പൊറോട്ട ഹട്ട്' എന്ന ഭക്ഷണശാലയിലെ ജീവനക്കാർക്ക് നേരെ സ്ഥാപന ഉടമ നടത്തിയ ക്രൂരമർദ്ദനത്തിൽ ശക്തമായി ഇടപെട്ട് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ അടിയന്തര പരിശോധന നടത്താൻ ജില്ലാ ലേബർ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം ഇടങ്ങളിൽ നഗരസഭയും തൊഴിൽ വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധന അനിവാര്യമാണെന്നും തിരുവനന്തപുരം നഗരസഭാ മേയർ വി. വി. രാജേഷ് പ്രതികരിച്ചു. പല സ്ഥാപനങ്ങളിലും മതിയായ രേഖകളില്ലാത്ത തൊഴിലാളികൾ ഉണ്ടെന്നും ബാലവേല നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ പരിശോധനയ്ക്കെത്തുമ്പോൾ ഇത്തരക്കാർ ഒളിച്ചുമാറുന്ന സാഹചര്യമുണ്ടെന്നും, അതിനാൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.
കുന്നുകുഴി ഭാഗത്ത് ജീവനക്കാർ താമസിച്ചിരുന്ന മുറിയിലാണ് ക്രൂരമായ ആക്രമണം നടന്നത്. വിശ്രമവേളയിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ജാർഖണ്ഡ്, നേപ്പാൾ സ്വദേശികളായ തൊഴിലാളികളെ സ്ഥാപന ഉടമ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ 17 വയസ്സുള്ള ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ അടിച്ചുതകർത്തതായും പോലീസിൽ വിവരമറിയിക്കുന്നതിന് മുൻപ് പരിക്കേറ്റവരെ ആശുപത്രിയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണ്.
.jpg)

