അസ്ഥികള്‍ പൊട്ടി, ശരീരത്തില്‍ പരിക്കുകള്‍; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

sreenandha

ശ്രീനന്ദയുടെ ശരീരത്തിലെ പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്നും പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചിക്കമഗളൂരു: തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണ് വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയുടെ (14) മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.വീഴ്ചയില്‍ ശരീരത്തിൻ്റെ പലയിടത്തും പരിക്കുണ്ട്.

അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.പാലക്കാട് കടമ്പഴിപുരം സ്വദേശികളായ രമേശിന്റെയും രോഹിണിയുടെയും മകള്‍ ശ്രീനന്ദയുടെ മൃതദേഹം ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്ത് 1,500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്.

ശ്രീനന്ദയുടെ ശരീരത്തിലെ പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്നും പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം 5.20തോടെ ശ്രീനന്ദയെ കാണാതായത്.പത്തുമണിവരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 10.30ഓടെ സംസ്കാര ചടങ്ങുകള്‍ നടക്കും. ലക്കിടി തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.

ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലാണ് തിരച്ചിലിനിടെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മലയിടുക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം താഴ്ചയില്‍ നിന്ന് കണ്ടെത്തിയത്.

പോലീസ് സംഘത്തിനൊപ്പം വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സാണ് ശ്രീനന്ദയ്ക്കായി മണിക്കൂറുകളോളം നീണ്ട തിരച്ചില്‍ നടത്തിയത്. ചെങ്കുത്തായ ഇറക്കങ്ങളിലും വലിയ താഴ്ചകളിലും പരിശോധന നടത്താൻ സാധിക്കുന്ന തെർമല്‍ ഡ്രോണുകളും ഉപയോഗിച്ച്‌ സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

Tags