മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി: പാലക്കയം വില്ലേജ് അസിസ്റ്റൻഡിൽ നിന്നും കണക്കിൽ പെടാത്ത ഒരു കോടി രൂപ പിടികൂടി

google news
bribe case Village field assistant Suresh Kumar arrested

പാലക്കാട്/ മണ്ണാർക്കാട്: (bribe case Village field assistant Suresh Kumar arrested) പാലക്കയം വില്ലേജ് അസിസ്റ്റന്റിൽ നിന്നും കണക്കിൽ പെടാത്ത ഒരു കോടി രൂപ പിടികൂടി. മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെയാണ്  വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ വിജിലൻസിന്റെ പിടിയിലായത്.

മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തു.

സുരേഷ് കുമാറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലൻസ് ഓഫീസിൽ എത്തിച്ചു. സുരേഷ് കുമാറിനെ നാളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. നാളെ തന്നെ കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. പ്രതി ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാ‍ട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു പുറത്തു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാർ അറസ്റ്റിലായത്. 2014 മുതൽ മണ്ണാർക്കാട് മേഖലയിലാണു സുരേഷ്കുമാർ ജോലി ചെയ്യുന്നത്.

മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുൻപു വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിന്റെ കൈവശമാണെന്നറിഞ്ഞു.

ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടർന്നു പിടികൂടുകയുമായിരുന്നു. ഇതേ വസ്തു ലാൻഡ് അസൈൻമെന്റ് (എൽഎ) പട്ടയത്തിൽ ഉൾപ്പെട്ടതല്ലെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരനിൽ നിന്ന് 6 മാസം മുൻപ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചു മാസം മുൻപ് 9,000 രൂപയും സുരേഷ്കുമാർ വാങ്ങിയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച സമയത്ത് 500 രൂപ വാങ്ങിയിരുന്നു. 
 

Tags