'ആണ്‍കുട്ടികള്‍ക്കും മുടിവളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്; ശിക്ഷിക്കാന്‍ പാടില്ല'; ബാലാവകാശ കമ്മിഷന്‍

school

തലമുടി നീട്ടി വളര്‍ത്തുന്നതിന്റെ പേരില്‍ ആണ്‍കുട്ടികളെ കുറ്റവാളികളെപ്പോലെ സ്‌കൂളുകളില്‍ നേരിടുന്നുവെന്ന് കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക ഉത്തരവ്.

ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും സ്വന്തം താല്പര്യപ്രകാരം തലമുടി വളര്‍ത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. മുടിയുടെ നീളത്തിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ ഈ കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്താനോ, ക്ലാസില്‍ നിന്നും മാറ്റി നിര്‍ത്താനോ, വിവേചനപരമായി പെരുമാറാനോ ശിക്ഷിക്കാനോ പാടില്ലെന്ന് കമ്മിഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠനമികവിനും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കമ്മിഷന്‍ ഓര്‍മ്മിപ്പിച്ചു. തലമുടി നീട്ടി വളര്‍ത്തുന്നതിന്റെ പേരില്‍ ആണ്‍കുട്ടികളെ കുറ്റവാളികളെപ്പോലെ സ്‌കൂളുകളില്‍ നേരിടുന്നുവെന്ന് കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക ഉത്തരവ്.


അതേസമയം, മുടിയുടെ കാര്യത്തില്‍ കുട്ടികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കണ്ണുകളോ മുഖമോ മറയാത്ത രീതിയില്‍ വൃത്തിയായി മുടി സൂക്ഷിക്കേണ്ടത് കുട്ടികളുടെ ചുമതലയാണ്. ലബോറട്ടറി പരീക്ഷണങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി മുടി കെട്ടിവെക്കുകയോ ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ വേണം. കൂടാതെ, ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളോ ഹെയര്‍ കളറുകളോ മുടിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലിംഗനിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തിരഞ്ഞെടുക്കാനും പൂര്‍ണ്ണ അവകാശമുണ്ടായിരിക്കും.

Tags