ബുക്ക് ചെയ്ത ബസ് വൈകി, ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ; യാത്രക്കാരന് 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

court

 കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടർന്ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജർക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടു. കനറ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 8,000 രൂപയും നൽകാനാണ് അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷനും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമീഷൻ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബംഗളൂരുവിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ ചങ്ങനാശ്ശേരിയിലെ താജ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. പകരം ഏർപ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയിലും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചങ്ങനാശ്ശേരിയിലെത്താനായത്. തുടർന്ന് ബസ് സർവിസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂർസ് ആൻഡ് ട്രാവൽസിനെ രണ്ടാം കക്ഷിയായും ചേർത്ത് ജേക്കബ് ഉപഭോക്തൃകോടതിയിൽ പരാതി നൽകുകയായിരുന്നു.

Tags