വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ; സുധ നേരിട്ടത് ക്രൂര പീഡനം
മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി.
വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, കൊല്ലപ്പെടുന്നതിന് മുന്‍പായി സുധ നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി.
tRootC1469263">ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകര്‍ക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഷാജിയും സുധയും കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഷാജി. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. അത്തരത്തില്‍ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.
മരണം ട്രെയിനിടിച്ചാണെന്ന് വരുത്താനായാണ് പ്രതി മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെച്ചത്. എന്നാല്‍ ട്രെയിന്‍ വരാത്ത ട്രാക്കാണ് ഇതെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു. പിന്നാലെ ഷാജി ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലാകുന്നത്.
ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടര്‍ന്ന് പൊലീസിലും വിവരമറിയിച്ചു. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന പൊലീസ് ആത്മഹത്യ സാധ്യതകള്‍ തള്ളിയിരുന്നു.മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാനിടയായ കാരണം.
.jpg)


