ബോർഡ്-കോർപ്പറേഷൻ നിയമനം വൈകുന്നു; കോൺഗ്രസിൽ എല്ലാവർക്കും അതൃപ്തിയെന്ന് എം.എം. ഹസൻ

Board-Corporation appointments are being delayed; Everyone in Congress is unhappy, says MM Hasan

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിൽ എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ്-കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് മാത്രം അതൃപ്തിയുണ്ടോ എന്ന് ചോദിക്കുന്നത് എന്തിനാണെന്നും, നിയമനങ്ങളിൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗിന് കൂടുതൽ പരിഗണന നൽകുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നും, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായതുകൊണ്ട് അവർക്ക് അർഹമായത് കിട്ടണമെന്നും ഹസൻ പറഞ്ഞു. സർക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും മന്ത്രിസഭയിലുള്ളവരോടുമാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും മാത്രം ചർച്ച നടത്തി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആക്ഷേപം. ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചിക്കുന്ന പതിവ് ഒഴിവാക്കപ്പെടുകയാണെന്നും നേതാക്കൾ വിമർശിക്കുന്നു.

എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്‍ണുനാഥ് തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കൾ കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും നേരിൽ കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവർക്ക് പരാതി നൽകാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

Tags