ബോർഡ്, കോർപ്പറേഷൻ വിഭജനങ്ങൾ ഉടൻ പൂർത്തിയാക്കണം; കാബിനറ്റ് പദവികൾ കൂട്ടുന്നതിനെ വിമർശിച്ച് എൻ.കെ. പ്രേമചന്ദ്രൻ

Board and corporation divisions should be completed immediately; N.K. Premachandran criticizes the increase in cabinet posts

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ പദവി വിഭജനങ്ങൾ ഈ മാസം തന്നെ പൂർത്തിയാക്കണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിലെത്തിയിട്ട് ആറുമാസം പൂർത്തിയായിട്ടും പദവി വിഭജനം നീളുന്നതിലാണ് ആർഎസ്പിയുടെ അതൃപ്തി.രാഷ്ട്രീയ പുനരധിവാസത്തിനായി കാബിനറ്റ് പദവികൾ കൂട്ടുന്നതിനെയും പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികൾ നൽകുന്നതാണോ യുഡിഎഫ് നയമെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയൊരു രീതിയാണ് മുന്നണി പിന്തുടരുന്നതെങ്കിൽ ആർഎസ്പിയുടെ മുതിർന്ന നേതാവ് എ.എ. അസീസിനും കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാബിനറ്റ് പദവികൾ നൽകുന്ന കാര്യത്തിൽ മുന്നണിക്കുള്ളിൽ കൃത്യമായ കൂടിയാലോചനകളോ ഉഭയകക്ഷി ചർച്ചകളോ നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിൽ നിലവിൽ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ നിർഭാഗ്യകരമാണ്. വിയോജിപ്പുകൾ പരസ്യമാക്കാതെ മുന്നണി യോഗത്തിലാണ് ചർച്ച ചെയ്യേണ്ടതെന്നും, യുഡിഎഫ് യോഗം നിരന്തരം ചേർന്ന് വിഷയങ്ങൾ പരിഹരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Tags