ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ച സംഭവം ; ജോലി സമ്മര്‍ദ്ദം മൂലമെന്ന് ബന്ധുക്കള്‍ ; വ്യക്തിപരമായ കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

dead
മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു സവാദ്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍കോട് മൊഗ്രാലില്‍ ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, കടവത്ത് സ്വദേശി മുഹമ്മദ് സവാദ് ആണ് മരിച്ചത്. ജോലി സമ്മര്‍ദ്ദം മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മരിക്കുന്നുവെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. രാവിലെയാണ് 32 വയസുകാരനായ മുഹമ്മദ് സവാദിനെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊഗ്രാല്‍ പാലത്തിന് മുകളില്‍ ഇദ്ദേഹത്തിന്റെ ബൈക്ക് കണ്ടെത്തി.

മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു സവാദ്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ബിഎല്‍ഒ ആണ്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. മൃതദേഹം ക്യാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് ആയിരുന്നു ബന്ധുക്കളുടെ നിലപാട്.

റിട്ടേണിംഗ് ഓഫീസര്‍ ബിനു ജോസഫ് സ്ഥലഞ്ഞെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. പൊലീസ് അന്വേഷണത്തിനൊപ്പം ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണവും നടത്തുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സവാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലുള്ളത്.

Tags