കേരള തീരത്ത് 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS ആണ് കേരളത്തിലെ തീരദേശ മേഖലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരള തീരത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന തീരപ്രദേശങ്ങളിൽ കടൽ കയറ്റത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരമേഖലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം : കാപ്പിൽ മുതൽ പൊഴിയൂർ വരെ.
കൊല്ലം : ആലപ്പാട് മുതൽ ഇടവ വരെ.
ആലപ്പുഴ : ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ.
എറണാകുളം : മുനമ്പം എഫ്.എച്ച്. മുതൽ മരുവക്കാട് വരെ.
തൃശൂർ : ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ.
മലപ്പുറം : കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ.
കോഴിക്കോട് : ചോമ്പാല എഫ്.എച്ച്. മുതൽ രാമനാട്ടുകര വരെ.
കണ്ണൂർ : വളപട്ടണം മുതൽ ന്യൂ മാഹി വരെ.
കാസർഗോഡ് : കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കും തീരത്തോടു ചേർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കും അനാവശ്യമായി പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
.jpg)

