‘ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ’ ; വി. മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യർ
കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നുമാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.
ഡയറിയിൽ ഉള്ളത് തന്റെപേരല്ലെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരൻ പറഞ്ഞത്. ‘ലോകത്ത് ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാർ ബി.ജെ.പിയിൽ ഉണ്ട്. ഏത് മുരളീധരനാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്ക്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് ഞാൻ. ഞാൻ ഏതായാലും പണം വാങ്ങിയിട്ടില്ല. 100 ശതമാനം ഉറപ്പാണ്’ -ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, വി. മുരളീധരനെതിരെ സംശയമുന തിരിക്കുകയാണ് സന്ദീപ് വാര്യർ. ‘കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്’ -സന്ദീപ് വാര്യർ പറഞ്ഞു.
ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബി.ജെ.പി നേതാക്കളുടെ പേര് വെട്ടിയിരുന്നു. എന്നാൽ, മുരളീധരനും ഹിന്ദു ഐക്യവേദി, ആർ.എസ്.എസ് തുടങ്ങിയ സംഘ്പരിവാർ സംഘടനകൾക്കും പണം നൽകിയതായി ഡയറിയിൽ പറയുന്നുണ്ട്.
.jpg)

