പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ് ബിജെപി പ്രവർത്തകർ
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിലെ 51-ാം വാർഡിൽ ഏപ്രിൽ 1ന് രാത്രി ഏഴരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘം പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ തടയുകയായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
രമേശ് പിഷാരടി എത്തുന്നതിന് മുൻപ് തന്നെ യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി ആരോപിച്ചു. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പിഷാരടിയെ ഇരുപതോളം വരുന്ന ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. തങ്ങൾ വോട്ടർമാരെ കാണാനാണ് വന്നതെന്ന് ബോധിപ്പിച്ചിട്ടും സ്ഥാനാർത്ഥിയെ മുന്നോട്ട് പോകാൻ ബിജെപി സംഘം അനുവദിച്ചില്ല.
പ്രദേശത്ത് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായതോടെ സ്ഥിതിഗതികൾ വഷളായി. കൗൺസിലറുടെ വീട്ടിലേക്കല്ല മറിച്ച് സാധാരണ വോട്ടർമാരെ കാണാനാണ് എത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയെങ്കിലും ബിജെപി പ്രവർത്തകർ വഴങ്ങിയില്ല. ഒടുവിൽ സംഘർഷം ഒഴിവാക്കുന്നതിനായി നിശ്ചയിച്ചിരുന്ന പ്രചാരണം പൂർത്തിയാക്കാനാവാതെ രമേശ് പിഷാരടിക്ക് അവിടെനിന്നും മടങ്ങേണ്ടി വന്നു. ഈ സംഭവം പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
.jpg)


