ജയിലില്‍ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാന്‍ ബിജെപി; ഒരു ദിവസത്തെ ഇളവ് തേടി കോടതി സമീപിക്കും

sugathan

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും.

കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ആലോചന. അതേസമയം, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും.

പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി അംഗങ്ങള്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേര്‍ മേയര്‍ക്ക് മുന്നില്‍ സത്യപതിജ്ഞ ചെയ്തത്. 26ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേ?ഗ നീക്കങ്ങള്‍. 20 പേരില്‍ 19 പേരും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നു. 
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ചരിത്രത്തില്‍ ആദ്യമായി തിരുവന്തപുരം കോര്‍പ്പേറേഷനില്‍ ഭരണം നേടിയ ബിജെപിക്കേറ്റ പ്രഹരമായിരുന്നു സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ്. കൗണ്‍സിലര്‍മാര്‍ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി.

Tags